വെള്ളനാട് ഭദ്ര കാളി ദേവി ക്ഷേത്രത്തിലെ പറണേറ്റ്, നിലത്തിൽ പോര്..
കുംഭം മീനം മാസങ്ങളിൽ തെക്കൻ കേരളത്തിലെ ഭദ്രകാളീക്ഷേത്രങ്ങളിൽ ഉത്സവങ്ങളോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു അനുഷ്ഠാന കലാരൂപമാണ് പറണേറ്റ്. ദാരികാസുരൻ എന്ന അസുരനെ ഭദ്രകാളി നിഗ്രഹിക്കുന്നതാണ് ഇതിന്റെ പിന്നിലെ ഐതിഹ്യം..
വെള്ളനാട് ദേവി ക്ഷേത്രത്തിൽ മീനമാസത്തിലാണ് ഉത്സവം നടക്കാറുള്ളത്., പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന്റെ ഒൻപതാമത് ദിവസത്തിന്റെ രാത്രിയിലാണ് പറണേറ്റും പത്താമത്തെ ദിവസത്തിന്റെ രാവിലെയാണ് നിലത്തിൽ പോരും നടത്താറുള്ളത്..
തെക്കൻ കേരളത്തിലെ ഒരു പ്രധാനപെട്ട ഭദ്ര കാളി ക്ഷേത്രമാണ് വെള്ളനാട് സ്ഥിതി ചെയുന്നത്..
ഉത്സവം എല്ലാ വർഷവും നടത്താർ ഉണ്ടെങ്കിലും പറണേറ്റും നിലത്തിൽ പോരും രണ്ട് വർഷത്തിൽ ഒരിക്കലാണ്..
പറണേറ്റ് മഹോത്സവത്തിന്റെ മുന്നോടിയായി നാലുദിക്കുകളിലും നടത്തുന്ന ദിക്കു ബലിയ്ക്ക് ദേവിമാർ ഭവനങ്ങൾ തോറും എഴുന്നെള്ളുന്നു എന്നൊരു വിശ്വാസം നിലനിൽക്കുന്നുണ്ട്. ദാരിക നെ അന്നെഷിച്ചാണ് ദേവി ദിക്കുകൾ തോറും അലയുന്നത്.
ഇനി ഐതിഹ്യത്തിലേക്ക് വരാം..
ദാരികൻ ഒരു അസുര ചക്രവർത്തിയാണ്. ഇദ്ദേഹം ബ്രഹ്മാവിൽ നിന്നും സ്ത്രീയാൽ മാത്രമേ വധിക്കപ്പെടാവൂ എന്ന വരം നേടി മൂന്നുലോകങ്ങളും കീഴടക്കി ഇദ്ദേഹത്തിന്റെ ശല്യം സഹിക്കാൻ കഴിയാതെ വന്നപ്പോൾ ദേവൻമാർ മഹാവിഷ്ണുവിന്റെ ഉപദേശപ്രകാരം മഹേശ്വരനെ കണ്ട് പ്രാർത്ഥിച്ചു. ആറുദേവിമാരെ ദാരികനെ നേരിടാൻ അയച്ചുവെങ്കിലും അവരും പരാജയപ്പെടുന്നു. ഒടുവിൽ ദാരികന് നേർവഴി ഉപദേശിക്കാൻ മഹാദേവൻ നാരദനെ അയക്കുന്നു. എന്നാൽ ദൂതനെ അപമാനിച്ചതിൽ കോപം കൊണ്ട ശിവന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നും ഭദ്രകാളിയായി അവതരിച്ച പരാശക്തി വേതാളപ്പുറത്തേറി ദാരികവീരനെ പോരിനുവിളിച്ച് യുദ്ധത്തിൽ വധിക്കുന്നു. ...
ദിക്ക് തോറും സഞ്ചരിച്ച ദേവി ദാരികനെ ഒൻപതാം ദിവസം കാണുന്നു. അവിടെ വച്ചാണ് ആകാശ യുദ്ധം (പറണേറ്റ് )നടക്കുന്നത്.
പറണ് നിർമ്മിക്കുന്നതിനായി നിവർന്ന 50-52 അടി പൊക്കമുള്ള നാല് തെങ്ങുകളും ഏണി നിർമ്മിക്കാനുള്ള കവുങ്ങും പറണിന്റെ മുകളിൽ തട്ടിടാനുള്ള മാവിൻ തടിയും ആണ് വേണ്ടത്. ദേവിയുടെ പറണ് നിർമ്മിക്കാനുള്ള തെങ്ങ് മുറിക്കാൻ പോകുന്നതും ഈ ഉത്സവദിവസങ്ങളുടെ ഇടയിലാണ്. തുടർന്ന് ദേവി പറണിന് സ്ഥാനം കണ്ട സ്ഥലത്ത് ആദ്യം കന്നിക്കാലായി ഒരു തെങ്ങ് നിർത്തുന്നു. തുടർന്ന് മറ്റ് മൂന്ന് തെങ്ങുകളും നിർത്തുന്നു. അതിനു ശേഷം ഏറ്റവും മുകളിൽ മാവിന്റെ പലകകൾ കൊണ്ട് തട്ട് കെട്ടുന്നു. അതിനു ശേഷം ദേവിക്ക് പറണിൽ കേറാനുള്ള ഏണിക്കവുങ്ങ് നിർത്തുന്നു. ദേവിയുടെ പറണിന്റെ പണി കഴിയുന്നതും പുഷ്പഹാരങ്ങളും വാഴക്കുലകളും കരിക്കിൻ കുലകളും തോരണങ്ങളും കൊണ്ട് അലങ്കരിക്കുന്നു. ദേവിയുടെ പറണിന്റെ എതിർ വശത്തായി ദാരികന്റെ പറണ് പണി കഴിക്കുന്നു. ദാരികന്റെ പറണിന് 20-22 അടിയോളം പൊക്കം മാത്രമേ ഉണ്ടാകുകയുള്ളൂ. ദാരികന്റെ പറണ് നിർമ്മിക്കുന്നത് കവുങ്ങ് കൊണ്ടാണ്.
ഇവിടെ മുത്ത ദേവിയായ ഭദ്രകാളീ ദേവിയാണ് പറണിൽ കേറുന്നത്. ഇളയ ദേവിയായ ദുർഗ്ഗാദേവീ പറണിന്റെ ചുവട്ടിൽ പീഠത്തിൽ ഇരിക്കുന്നു. ദേവി പറണിൽ ഏറുന്ന ആ ഭക്തിനിർഭരമായ കാഴ്ച അവർണ്ണനീയമാണ്. ഈ സമയം ക്ഷേത്രാങ്കണത്തിൽ വാദ്യമേളങ്ങളും വാക്കുരവകളും ദേവീ നാമജപങ്ങളും മുഴങ്ങുന്നു. അങ്ങനെ ദേവി പറണിനു മുകളിൽ എത്തി പീഠത്തിൽ ഇരിക്കുന്നു. തുടർന്ന് ദേവിമാർക്ക് മുന്നിൽ പൂജ നടത്തുന്നു.
തുടർന്ന് പറണിനു മുന്നിൽ പല വിധത്തിലുള്ള പൂജകൾ നടത്തുകയും ദേവിമാർ പറണിന്റെ ചുവട്ടിൽ പീഠത്തിൽ ഇരിക്കുകയും ചെയ്യുന്നു
ക്ഷേത്രാങ്കണം ഭക്തിനിർഭരമായി തീരുന്ന ഈ അവസരത്തിൽ ഭക്തരെ ഭയപ്പെടുത്തി കൊണ്ട് അട്ടഹാസച്ചിരികളോടെ പന്തങ്ങളും ചുട്ടുകളും കത്തിച്ചു കൊണ്ട് ക്ഷേത്രത്തിന്റെ കവാടത്തിലൂടെ ദാരികനും പടയാളികളും ക്ഷേത്രാങ്കണത്തിൽ പ്രവേശിക്കുന്നു. നല്ലവണ്ണവും പൊക്കവും തടിയൻ മീശയും തലയിൽ സ്വർണ്ണ കിരീടവും കൈയിൽ വാളുമേന്തിയാണ് ദാരികന്റെ വരവ്.
തുടർന്ന് ദേവിയും ദാരികനുമായുള്ള തോറ്റം പാട്ട് ആരംഭിക്കുന്നു. തോറ്റം പാട്ട് നടത്തുന്നത് ഏഴ് ഘട്ടങ്ങളായാണ്. ഓരോ ഘട്ടം കഴിയുമ്പോഴും ദേവി പറണിൽ എഴുന്നെള്ളി ദാരികനുമായി യുദ്ധത്തിന് ശ്രമിക്കുന്നു.
ദാരികന്റെ വരങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കുവാൻ ധ്യാനത്തിലിരിക്കുന്ന ദേവിമാർക്ക് സാധിക്കുന്നില്ല. ദാരികന്റെ വരങ്ങളെ പറ്റിയും ആയുധത്തെ പറ്റിയും അറിയുന്നതിന് വേണ്ടി ദേവി രണഭൂമിയിൽ എഴുണെള്ളുന്നതിനു മുമ്പ് പർവത മുകളിൽ എഴുന്നെള്ളി ദാരികന്റെ കൊട്ടാരത്തിൽ തക്കം പാർക്കുന്നു. ഈ ചടങ്ങിനെ ആസ്പദമാക്കി നടത്തുന്ന ചടങ്ങാണ് പീഠം ചവിട്ട്. ഓരോ ദിക്കിൽ നിന്നും എഴുന്നെള്ളി ദേവി പീഠം ചവിട്ടുന്നു.
അവസാനം നേരം പുലർന്ന് ഭൂമിയിൽ വച്ച് യുദ്ധം ചെയ്യാം എന്ന് പറഞ്ഞ് അട്ടഹസിക്കുന്നു..അതാണ് നിലത്തിൽ പോര്..
അതിനു മുൻപ് ആകാശമാർഗ്ഗത്ത് വച്ച് ദേവിയുമായി കണ്ടുമുട്ടിയ ദാരികൻ ഭൂമിയിൽ വച്ച് യുദ്ധം ചെയ്യാം എന്ന് വെല്ലുവിളിച്ചിട്ടാണ് തന്റെ അന്തപുരത്തിലേക്ക് യാത്രയാകുന്നത് അന്തപുരത്തിലെത്തിയ ദാരികൻ തന്റെ ഭാര്യ മനോഹരിയോട് ദേവിയുമായി യുദ്ധത്തിനു പോകുന്ന കാര്യം പറയുകയും ചെയ്യുന്നു. തുടർന്ന് ദാരികൻ തന്റെ കൈവശമുള്ള മണിമന്ത്രം ഭാര്യ മനോഹരിക്ക് പറഞ്ഞു കൊടുക്കുന്നു.
നിലത്തിൽ പോര് അഞ്ച് ആറ് മണിക്കൂറുകളോളം നീണ്ടു നിൽക്കുന്നു. ഇവിടെ നിലത്തിൽ പോരിനെ ഏഴ് യുദ്ധ ഘട്ടമായിട്ടാണ് വിവരിക്കുന്നത്
ഒടുവിൽ അവസാന ഘട്ടത്തിൽ ദാരികന്റെ തല വെട്ടി മാറ്റി ദേവി തന്റെ പിതാവായ പരമശിവന്റെ അടുക്കൽ എത്തുന്നു..
തുടർന്നു പൂജ വിധികളോടെ നിലത്തിൽ പോര് അവസാനിക്കുന്നു..
Comments
Post a Comment